---
title: "വെള്ളത്തിന്റെ നിറം മാറി മീനുകൾ ചത്തുപൊങ്ങി ; പിറവത്ത് പുഴയിലേക്ക് മാലിന്യമൊഴുക്കി"
english_title: "The color of the water changed and fish died; garbage was dumped into the Piravath river"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/310025/The color of the water changed and fish died; garbage was dumped into the Piravath river"
published_at: "2025-08-21T13:59:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a6d916c1edd_1000299739.jpg"
keywords: []
---

# വെള്ളത്തിന്റെ നിറം മാറി മീനുകൾ ചത്തുപൊങ്ങി ; പിറവത്ത് പുഴയിലേക്ക് മാലിന്യമൊഴുക്കി

> **Lead Summary:** പിറവം : പിറവത്ത് പുഴയിലേക്ക് മാലിന്യമൊഴുക്കിയതായി കണ്ടെത്തി. പിറവം പൊതു മാർക്കറ്റിന് പിൻഭാഗത്തുകൂടി ഒഴുകി കുട്ടികളുടെ പാർക്കിന് സമീപം പുഴയിലേക്ക് ചേരുന്ന തോട്ടിലൂടെയാണ് മാലിന്യം ഒഴുകിയെത്തിയത്.

## Article Content

പിറവം : പിറവത്ത് പുഴയിലേക്ക് മാലിന്യമൊഴുക്കിയതായി കണ്ടെത്തി. പിറവം പൊതു മാർക്കറ്റിന് പിൻഭാഗത്തുകൂടി ഒഴുകി കുട്ടികളുടെ പാർക്കിന് സമീപം പുഴയിലേക്ക് ചേരുന്ന തോട്ടിലൂടെയാണ് മാലിന്യം ഒഴുകിയെത്തിയത്.

രാസമാലിന്യമാണെന്ന് സംശയമുണ്ട്. ഈ ഭാഗത്ത് മത്സ്യങ്ങൾ ഉൾപ്പെടെ ചത്തുപൊങ്ങിയത് ആശങ്കയുയർത്തി. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.പുഴയിൽ ചൂണ്ടയിട്ടുകൊണ്ടിരുന്നയാളാണ് വെള്ളത്തിന്റെ നിറം മാറുന്നതും മീനുകൾ ചത്തുപൊങ്ങുന്നതും ആദ്യം കണ്ടത്. പിന്നീട് മറ്റുള്ളവരെ വിവരം അറിയിക്കുകയായിരുന്നു. കടുത്ത ദുർഗന്ധവും ഉണ്ടായിരുന്നു. നാട്ടുകാരാണ് വിവരം നഗരസഭാ ആരോഗ്യവിഭാഗത്തെ അറിയിച്ചത്.

തുടർന്ന് നഗരസഭാ ആരോഗ്യവിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. പബ്ലിക് ഹെൽത്ത് ഇൻസ്പെക്‌ടർമാരായ സി. ബിനീഷ്, ബി. അരുൺകുമാർ, ടി.എസ്. നിഷ എന്നിവരടങ്ങുന്ന സംഘം നടത്തിയ പരിശോധനയിൽ മലിനജലം ഒഴുകിയെത്തിയത് ബസ് സ്റ്റാൻഡിന് എതിർവശത്തുള്ള വ്യാപാരസമുച്ചയത്തിൽ നിന്നാണെന്ന് കണ്ടെത്തി. തുടർന്ന് കെട്ടിടമുടമയ്ക്ക് നോട്ടീസ് നൽകി. പിറവം ടൗണിന് നടുവിലൂടെയുള്ള ഈ തോട്ടിലൂടെ ടൗണിലെ മുഴുവൻ മാലിന്യവും പുഴയിലാണ് പതിക്കുന്നത്.

ടൗണിലെ മഴവെള്ളമടക്കമുള്ള വെള്ളം മുഴുവൻ ഒഴുകിപ്പോകുന്നത് ഇതിലൂടെയാണ്. ഈ തോട്ടിലൂടെ സമീപത്തെ കെട്ടിടങ്ങളിൽനിന്നുള്ള മാലന്യവും പുഴയിൽ പതിക്കുന്നുണ്ടെന്ന് പരാതിയുണ്ട്. പിറവം നിയോജകമണ്ഡലത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ളം ലഭ്യമാക്കുന്ന കക്കാട് പദ്ധതി, മെതിപാറ പദ്ധതി, നെച്ചൂർ പദ്ധതി തുടങ്ങിയവയ്ക്കും വെള്ളമെടുക്കുന്നത് പുഴയിൽ നിന്നാണ്

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/310025/The color of the water changed and fish died; garbage was dumped into the Piravath river)